
ഗാലക്‌സി എസ്25 എഫ്‌ഇ ഫാൻ എഡിഷൻ സ്മാർട്ട്‌ഫോൺ സാംസങ് പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോഞ്ചിന് മുന്നോടിയായി, വരാനിരിക്കുന്ന ഡിവൈസിൻറെ കളർ ഓപ്ഷനുകൾ, വില, സ്പെസിഫിക്കേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പുറത്ത് വരുന്നത്. ഫോണിൻറെ ചോർന്ന റെൻഡറുകൾ പ്രകാരം, സാംസങ് ഗാലക്‌സി എസ് 25 എഫ്ഇയ്ക്ക് നാല് കളർ ഓപ്ഷനുകളും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. സാംസങ് ഗാലക്‌സി എസ് 25 എഫ്ഇ ഹാൻഡ്‌സെറ്റ് മാറ്റ് ബ്ലൂ, ഡാർക്ക് ബ്ലൂ, കറുപ്പ്, വെള്ള എന്നീ നാല് കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് ന്യൂവേ മൊബീലിൻറെ റിപ്പോർട്ട് ഉദ്ദരിച്ച് ഗാഡ്‍ജെറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.
ഈ ഫോണിന് ലഭിച്ചേക്കാവുന്ന പിൻ ഡിസൈൻ കാണിക്കുന്ന റെൻഡറുകളും പുറത്തുവന്നിട്ടുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫ്ലാറ്റ് ബാക്ക് പാനലും ഉപയോഗിച്ച് ഗാലക്‌സി എസ് 25 എഫ്ഇ എത്തിയേക്കും. എങ്കിലും സാംസങ് ഗാലക്‌സി എസ് 24 എഫ്ഇയുടെ പിൻഗാമിയായി കരുതപ്പെടുന്ന ഫോണിൽ ഇടതുവശത്ത് ബട്ടണുകളൊന്നും ഉണ്ടായിരിക്കില്ല എന്നും റെൻഡറുകൾ സൂചിപ്പിക്കുന്നു. ഇതിന് രണ്ട് ആൻറിന ബാൻഡുകൾ ലഭിച്ചേക്കാം. സാംസങ് ഗാലക്‌സി എസ് 25 എഫ്ഇ ഫോണിന് 8 ജിബി റാം ഉണ്ടായിരിക്കാമെന്നും 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളിൽ വരാമെന്നും നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു.
8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി വേരിയൻറുകളിൽ വരുന്ന ഗാലക്‌സി എസ് 24 എഫ്ഇയ്ക്ക് സമാനമാണ് ഈ ഫോൺ. സാംസങ്ങിൻറെ അടുത്ത ഫാൻ എഡിഷൻ സ്മാർട്ട്‌ഫോൺ ഈ വർഷം സെപ്റ്റംബറിലോ ഒക്ടോബറിലോ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 25 എഫ്ഇയിൽ ഫുൾ-എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. മാത്രമല്ല, സാംസങ്ങിൻറെ പ്രൊപ്രൈറ്ററി എക്‌സിനോസ് 2400 സോക്, 8 ജിബി റാമും ഇതിൽ ഉൾപ്പെടാം.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 8 മെഗാപിക്സൽ 3x ടെലിഫോട്ടോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. മുൻവശത്ത്, സാംസങ് ഗാലക്‌സി എസ് 25 എഫ്ഇക്ക് 12 മെഗാപിക്സൽ സെൽഫി ക്യാമറ ലഭിക്കും. 4,900 എംഎഎച്ച് ബാറ്ററി പായ്ക്കും 45 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ ഫോണിന് ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.