എറണാകുളം :കോതമംഗലത്ത് താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ് . കൃതമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയും അനുമതി വാങ്ങാതെയും ഗ്യാലറി നിര്‍മിച്ചതിനാണ് കേസ്. അപകടം നടന്ന ഗ്രൗണ്ടില്‍ പോലീസും ഫയര്‍ ഫോഴ്‌സും ഇന്ന് പരിശോധന നടത്തും.
കോതമംഗലം അടിവാട് മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ ഗ്യാലറി നിര്‍മിച്ചതിനും അധികൃതരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചതിനുമാണ് പോത്താനിക്കാട് പോലീസ് സംഘാടകര്‍ക്കെതിരെ കേസ് എടുത്തത്. ഹീറോ യങ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം തുടങ്ങുന്നതിനു തൊട്ടു മുമ്പ് ആയിരുന്നു അപകടം.
ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ഫൈനല്‍ മത്സരം തുടങ്ങുന്നതിനു മുമ്പായി ഗാലറി പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ അന്‍പതോളം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും രാത്രി തന്നെ ചികിത്സ തേടിയിരുന്നു. പരിക്കേറ്റ ഭൂരിഭാഗം പേരും രാത്രി തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു.
അപകടം നടന്ന അടിവാട് മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ പോലീസും ഫയര്‍ ഫോഴ്‌സും ഇന്ന് പരിശോധന നടത്തുന്നുണ്ട്. ഗ്യാലറിക്ക് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കയറിയതാണോ ഗാലറി നിര്‍മാണത്തിലെ വീഴ്ചയാണോ അപകടത്തിന് കാരണമെന്നും പരിശോധനയില്‍ വ്യക്തമാകും.