ഗുജറാത്തിലെ കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ച ; വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

07:12 PM Dec 29, 2024 | Neha Nair

അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ദഹേജിൽ കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് വിഷപ്പുക ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിന്റെ (ജി.എഫ്.എൽ) പ്രൊഡക്ഷൻ യൂണിറ്റിലാണ് വാതകചോർച്ച ഉണ്ടായത്. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായി വീണ തൊഴിലാളികളെ ബറൂച്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ നാല് പേർ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

മരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനക്കാരാണ്‌. രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ ജാർഖണ്ഡ് സ്വദേശിയുമാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മരിച്ച ഓരോ തൊഴിലാളികളുടെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ജിഗ്നേഷ് പർമർ അറിയിച്ചു.