
ലണ്ടൻ: ഗസ്സയിൽ അനസ് അൽശരീഫ് അടക്കം പ്രമുഖ അൽജസീറ മാധ്യമ പ്രവർത്തകരെ ബോംബിട്ടുകൊന്ന ഇസ്രായേലിനെതിരെ ആഗോള വ്യാപകമായി രോഷം ശക്തം. റിപ്പോർട്ടർ മുഹമ്മദ് ഖുറൈഖ്, കാമറ ഓപറേറ്റർമാരായ ഇബ്രാഹിം സാഹിർ, മുഹമ്മദ് നൗഫൽ, മുഅ്മിൻ അലീവ എന്നിവരും മറ്റു രണ്ടുപേരുമടക്കം ഏഴുപേരാണ് ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിക്ക് പുറത്തെ മാധ്യമപ്രവർത്തകർക്കുള്ള തമ്പിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു.
ആക്രമണത്തിനെതിരെ ലോകവ്യാപകമായി രോഷം ശക്തമാണ്. ഗസ്സയിൽ മാധ്യമപ്രവർത്തകരെ തുടർച്ചയായി ലക്ഷ്യമിടുന്നത് ആശങ്കയുണർത്തുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ വക്താവ് പറഞ്ഞു. രാജ്യാന്തര മാനുഷിക ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് കുറ്റപ്പെടുത്തി.
ഇസ്രായേൽ സൈന്യം സമ്മതിച്ച കൊലപാതകം അപലപനീയമാണെന്നും ആഗോള സമൂഹം ഇടപെടണമെന്നും ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പറഞ്ഞു. നിരവധി മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച ഇവരുടെ ഖബറടക്ക ചടങ്ങുകൾ. വിദേശ മാധ്യമപ്രവർത്തകർക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതിനാൽ ഗസ്സയിലെ വാർത്തകൾ പുറത്തെത്തിച്ചിരുന്നത് ഫലസ്തീനി മാധ്യമപ്രവർത്തകരായിരുന്നു. ഇവരിൽ പ്രമുഖനാണ് കൊല്ലപ്പെട്ട അനസ് അൽശരീഫ്. ഇതിനകം 238 മാധ്യമ പ്രവർത്തകരെ ഇസ്രായേൽ അറുകൊല നടത്തിയിട്ടുണ്ട്.