
വാഷിങ്ടൺ: ഗസ്സയിൽ അടുത്ത മാസം ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫലസ്തീൻ ജനതയെ സഹായിക്കാൻ തങ്ങൾ മുന്നിട്ടിറങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സയിൽ വലിയ രീതിയിൽ ഭക്ഷ്യക്ഷാമം നേരിടുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. ഫലസ്തീൻ ജനത കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് വിഷയത്തിൽ ഇടപെടുമെന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്.
അടുത്ത മാസം ഒരുപാട് നല്ലകാര്യങ്ങൾ സംഭവിക്കും. ഫലസ്തീൻ ജനതയെ ഞങ്ങൾ സഹായിക്കും. ഗസ്സയിലെ ഒരുപാട് പേർ പട്ടിണിയിലാണ്. ഇരുപക്ഷത്തേയും ഞങ്ങൾ പരിഗണിക്കും. നല്ല പ്രവർത്തനം തന്നെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ജനത കടുത്ത ക്ഷാമത്തിന്റെ വക്കിലാണ് വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു. ഗസ്സയിലേക്കുള്ള അതിർത്തികൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കെ ഗസ്സയിൽ അവസാനിക്കാതെ ഇസ്രായേൽ ക്രൂരത. വെള്ളിയാഴ്ച ഗസ്സ മുനമ്പിൽ കനത്ത വ്യോമാക്രമണത്തിൽ 64 ഫലസ്തീനികളെ കൊലപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ സന്ദർശനം അവസാനിച്ചതിന്റെ പിന്നാലെയാണ് ആക്രമണം. 48 മൃതദേഹങ്ങൾ ഇന്തോനേഷ്യൻ ആശുപത്രിയിലും 16 മൃതദേഹങ്ങൾ നാസർ ആശുപത്രിയിലും എത്തിച്ചതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ദേർ അൽ ബലാഹിലും ഖാൻ യൂനിസിലുമായിരുന്നു വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ തുടർന്ന ആക്രമണം.