ഗസയിലെ അന്താരാഷ്ട്ര സൈനിക വിന്യാസത്തിന്റെ കരട് പുറത്തുവിട്ട് യുഎസ്

07:08 PM Nov 05, 2025 | Neha Nair

ന്യൂയോർക്ക്: ഇസ്രായേലി ഉപരോധത്തിന് കീഴിലുള്ള ഗസയിൽ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കരട് പ്രമേയം പുറത്തുവിട്ട് യുഎസ്. വിവിധ ലോകരാഷ്ട്രങ്ങൾക്ക് നൽകിയ കരട് പ്രമേയം വേണ്ട തിരുത്തലുകൾക്ക് ശേഷം യുഎൻ സുരക്ഷാ സമിതിയിൽ അവതരിപ്പിക്കാനാണ് യുഎസിന്റെ തീരുമാനം. ജനുവരിയോടെ ഗസയിൽ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനാണ് യുഎസിന്റെ പദ്ധതി. ഈ സൈന്യം ഒരു സമാധാന സൈന്യമല്ലെന്നും വെടിനിർത്തൽ ഉറപ്പാക്കാനുള്ള സൈന്യമാണെന്നും കരട് പ്രമേയം പറയുന്നു. ബോർഡ് ഓഫ് പീസ് എന്ന സംവിധാനത്തിന് കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക. ഇസ്രായേലിന്റെയും ഈജിപ്തിന്റെയും ഗസ അതിർത്തികളിലാണ് ഈ സൈന്യം പ്രവർത്തിക്കുക. അവർ പുതിയ ഫലസ്തീനി പോലിസിന് പരിശീലനവും നൽകും.

യുഎൻ സുരക്ഷാസമിതി പ്രമേയം പരിശോധിച്ച ശേഷമേ സൈന്യത്തെ നൽകൂയെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ ഇന്നലെ പറഞ്ഞിരുന്നു. ''അന്തിമപ്രമേയത്തിന് അനുസൃതമായിട്ടായിരിക്കും ഞങ്ങൾ സംസാരിച്ച രാജ്യങ്ങളും സൈന്യത്തെ വിട്ടുനൽകുക.''- ഫിദാൻ വിശദീകരിച്ചു. തുർക്കിയും ആറ് ഇസ്‌ലാമിക രാജ്യങ്ങളുടെ പ്രതിനിധികളുമാണ് ഇന്നലെ ഇസ്തംബൂളിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.

Trending :