മണാലിയില്‍ സിപ്ലൈന്‍ അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. നാഗ്പൂരില്‍ നിന്നുള്ള തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. സിപ്‌ലൈന്‍ കേബിള്‍ പൊട്ടി 30 അടി താഴ്ചയിലേക്കാണ് തൃഷ വീണത്. അച്ഛന്‍ പ്രഫുല്ല ബിജ്വെയ്ക്കും അമ്മയ്ക്കുമൊപ്പം മണാലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു തൃഷ.
വീഴ്ചയില്‍ തൃഷയുടെ കാലില്‍ ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. ആദ്യം മണാലിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ പരിചരണത്തിനായി ചണ്ഡീഗഡിലെ മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറ്റി. ഇപ്പോള്‍ നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് തൃഷ.
സിപ്ലൈന്‍ നടത്തുന്ന സ്ഥലത്ത് മതിയായ സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നില്ലെന്നും സംഭവത്തെ തടര്‍ന്ന് അടിയന്തര സഹായം ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. വീഴ്ചയുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയും അവര്‍ പങ്കിട്ടു.
ഈ വിഷയത്തില്‍ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.