ഡല്‍ഹി: വടക്കൻ ഗോവയിലെ അർപോറയിലുള്ള 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നൈറ്റ്ക്ലബില്‍ ശനിയാഴ്ച അർധരാത്രിയോടെയുണ്ടായ ദുരന്തത്തിലെ മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍.നൈറ്റ്ക്ലബിന്റെ നാല് ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെയാണ് ചൊവ്വാഴ്ച ഗോവ പോലീസ് കസ്റ്റഡിയിലെടുത്തത്.ക്ലബിലുണ്ടായ തീപിടുത്തത്തില്‍ 25 പേർ മരിച്ചിരുന്നു.
പ്രതിയെ ഗോവയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന ആറാമത്തെ വ്യക്തിയാണിതെന്ന് ഗോവ പോലീസ് പറഞ്ഞു.
ഗുപ്തയ്ക്കും മറ്റൊരു ഉടമയായ സുരീന്ദർ കുമാർ ഖോസ്ലയ്ക്കുമെതിരെ സംസ്ഥാന പോലീസ് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ക്ലബിന്റെ മറ്റ് രണ്ട് ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും ഒളിവിലാണ്. ഇവർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നൈറ്റ്ക്ലബിന്റെ ചീഫ് ജനറല്‍ മാനേജർ രാജീവ് മോഡക്, ജനറല്‍ മാനേജർ വിവേക് സിംഗ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻഷു താക്കൂർ, ജീവനക്കാരൻ ഭരത് കോഹ്ലി എന്നിവർ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.