+

ബെംഗളൂരുവിൽ രണ്ടരക്കോടി രൂപയുടെ സ്വർണത്തട്ടിപ്പ് ; ഒരാൾ പിടിയിൽ

ബെംഗളൂരുവിൽ രണ്ടരക്കോടി രൂപയുടെ സ്വർണത്തട്ടിപ്പ് ; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടരക്കോടി രൂപയുടെ സ്വർണത്തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഇയാളിൽ നിന്ന് 3.16 കിലോഗ്രാം സ്വർണവും 8.53 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിലെ ജയാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ജ്വല്ലറിയിലേക്കുള്ള ആഭരണങ്ങൾ രൂപകൽപ്പനചെയ്യുകയും നിർമിക്കുകയും ചെയ്യുന്നയാളാണ് പ്രതി.

നാല് വർഷമായി പ്രതി ജ്വല്ലറിലെ സ്വർണം ഉരുക്കി ആഭരണങ്ങൾ നിർമിക്കുന്ന ജോലികൾ ഏറ്റെടുത്തു ചെയ്തിരുന്നു. എന്നാൽ, ഏപ്രിൽ 29 മുതൽ ജൂൺ നാലുവരെയുള്ള കാലയളവിൽ നൽകിയ സ്വർണം ആഭരണമാക്കി തിരിച്ചേൽപ്പിച്ചില്ലെന്നായിരുന്നു ജ്വല്ലറി ഉടമയുടെ പരാതി. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ ഇയാളെ പിടികൂടുകയും പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.

ജൂൺ 14-ന് ഇയാളെ ഗോവയിൽവെച്ച് അറസ്റ്റുചെയ്തു. റിമാൻഡിലായ ഇയാളിൽ നിന്ന് ജൂൺ 17-ന് 3.16 കിലോഗ്രാം സ്വർണവും 8.53 ലക്ഷം രൂപയും പിടിച്ചെടുത്തു. ബാക്കിയുള്ള സ്വർണം പണയംവെച്ചതായി ഇയാൾ മൊഴിനൽകി. ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ഭരമപ്പയുടെയും അസിസ്റ്റന്റ് കമ്മീഷണർ വി. നാരായണസ്വാമിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

facebook twitter