പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കും

01:04 PM Nov 08, 2025 | Renjini kannur
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വർണം കാണാതായ സംഭവത്തില്‍ ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കാൻ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.ആറ് ജീവനക്കാരെയാണ് നുണപരിശോധനയ്‌ക്ക് വിധേയരാക്കുക. 

ശ്രീകോവിലിന്റെ വാതില്‍ സ്വർണം പൂശാൻ സ്‌ട്രോംഗ് റൂമില്‍ നിന്നെടുത്ത സ്വർണത്തില്‍ നിന്ന് 13 പവനാണ് കാണാതായത്. പൊലീസ് അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വർണം മണലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ഫോർട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ്.

വടക്കേ നടയ്ക്ക് അകത്ത് നവീകരണ ജോലികള്‍ നടത്തുന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് സ്വർണം കണ്ടത്. സ്വർണ്ണം സൂക്ഷിക്കുന്ന സുരക്ഷാ മുറിക്കും അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തിനും ഇടയിലായാണ് ദണ്ഡ് കിടന്നത്. ശ്രീകോവിലിന് മുന്നിലെ വാതിലില്‍ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികള്‍ നടക്കുകയായിരുന്നു.

തത്കാലത്തേക്ക് നിറുത്തിവച്ച ജോലി പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. മെറ്റല്‍ ‌ഡിറ്റക്ടർ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തി. ഇതിനിടയിലാണ് മണ്ണില്‍ നിന്ന് സ്വർണം കിട്ടിയത്. അതിനുമുമ്ബും ഇതേ സ്ഥലത്ത് പരിശോധന നടന്നിരുന്നു. എന്നാല്‍ അപ്പോള്‍ കണ്ടിരുന്നില്ല.