
കാലിഫോർണിയ: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഗൂഗിൾ അവരുടെ ഐക്കോണിക് ലോഗോയിൽ മാറ്റം വരുത്തി. പുതിയ ഗ്രേഡിയൻറ് ഡിസൈനോടെയാണ് ഗൂഗിളിൻറെ 'G' ലോഗോയുടെ അപ്‌ഡേറ്റ്. ഒരു പതിറ്റാണ്ടിനിടെ ലോഗോയുടെ കെട്ടിലും മട്ടിലും ഗൂഗിൾ ഇത്ര പ്രത്യക്ഷമായ മാറ്റം വരുത്തുന്നത് ഇതാദ്യം. 2015ലാണ് അവസാനമായി ലോഗോയിൽ ഗൂഗിൾ പരിഷ്‌കരണം നടത്തിയത്.
ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ. ഇന്നത് വെറുമൊരു സെർച്ച് എഞ്ചിൻ മാത്രമല്ല, എഐ രംഗത്തടക്കം പതാകവാഹകരാണ് ഗൂഗിൾ. അവരുടെ ഐക്കോണിക് 'G' ലോഗോ തന്നെയാണ് ഉപയോക്താക്കൾക്കിടയിൽ ഗൂഗിളിൻറെ ഏറ്റവും വലിയ ഐഡൻറിറ്റി. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളുടെ കളർ ബ്ലോക്കുകൾ ചേർത്തുള്ള ജി ഡിസൈനാണ് ഗൂഗിൾ മുമ്പ് ലോഗോയിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പരിഷ്‌കരിച്ച ലോഗോയിൽ കളർ ബ്ലോക്കുകൾ കാണാനില്ല. കളർ ബ്ലോക്ക് ഒഴിവാക്കി പകരം, ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളെ ഗ്രേഡിയൻറ് ഇഫക്ട് രീതിയിൽ സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് ഗൂഗിളിൻറെ ലോഗോയ്ക്ക് ഫ്രഷ് ലുക്ക് നൽകുന്നു. മാത്രമല്ല, നവീന ഭാവവും നൽകുന്നു. എഐയിൽ കൂടുതലായി ശ്രദ്ധപുലർത്തുന്ന ഗൂഗിളിൻറെ ഇപ്പോഴത്തെ നയം വ്യക്തമാക്കുന്നത് കൂടിയാണ് പുതിയ ലോഗോ.
ഗൂഗിളിൻറെ പുതിയ ലോഗോ ആദ്യം പ്രത്യക്ഷപ്പെട്ടത് ഐഒഎസ് വേർഷനിലാണ്. ഐഫോണുകളിലെ ഗൂഗിൾ സെർച്ച് ആപ്പിൽ ഈ പുത്തൻ ലുക്കിലുള്ള ലോഗോ പ്രത്യക്ഷമായി. ആൻഡ്രോയ്ഡ് വേർഷനിൽ ഗൂഗിൾ ആപ്പ് ഗൂഗിൾ ആപ്പ് ബീറ്റ വേർഷൻ 16.18ൽ പുത്തൻ ലോഗോ കാണാം. അതേസമയം ഗൂഗിളിൻറെ മറ്റ് സേവനങ്ങളായ ക്രോമിലോ, മാപ്‌സിലേ എഐ അധിഷ്ഠിത ലോഗോ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. ഭാവിയിൽ ഗൂഗിളിൻറെ മറ്റ് സേവനങ്ങളിലും ഗ്രേഡിയൻറ് കളർ പാറ്റേൺ ഇടംപിടിച്ചേക്കാം. ഗൂഗിളിൻറെ ജെനറേറ്റീവ് എഐ അസിസ്റ്റൻറായ ജെമിനി എഐയിൽ ഇതിനകം ബ്ലൂ-ടു-പർപ്പിൾ ഗ്രേഡിയൻറ് ലോഗോ ഡിസൈനുണ്ട്. കൂടുതൽ ഗൂഗിൾ ഉൽപന്നങ്ങളിലേക്ക് ഗ്രേഡിയൻറ് രീതിയിലുള്ള ലോഗോ കളർ പാറ്റൺ വരുമെന്ന് ഇത് സൂചന നൽകുന്നു.