
തളിപ്പറമ്പ് : കോൺഗ്രസ് പ്രവർത്തകരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് സി.പി.എം കലാപാഹ്വാനം നടത്തുന്നതെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികളിൽ നിന്നും പ്രതിഷേധമുയരണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.വ്യാഴാഴ്ച്ച രാത്രിയിൽ ഇങ്ങനെ ഒരു അക്രമം ഉണ്ടാവാൻ കാരണം സി പി എം ജില്ലാ സെക്രട്ടറി നടത്തിയ കൊലവിളി പത്രസമ്മേളനവും അതിന് ശേഷം വൈകുന്നേരം മലപ്പട്ടത്ത് നടത്തിയ കൊലയ്ക്കുള്ള ആഹ്വാനവുമാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു. അക്രമം നടത്തി ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമം.തളിപ്പറമ്പിൽ തന്നെ കോൺഗ്രസ് ഓഫീസ് നിരന്തരം ആക്രമിക്കുകയാണ്.യൂത്ത് കോൺഗ്രസുകാരുടെ പേര് എടുത്ത് പറഞ്ഞ് അവർക്ക് നേരെ അക്രമം അഴിച്ചുവിടാനുള്ള സന്ദേശം അണികൾക്ക് നൽകുകയാണ്. ഇതാണോ ഒരു പാർട്ടി ജില്ലാ സെക്രട്ടറി ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിന്റെ കൊടികൾ കത്തിക്കുകയും ഗാന്ധി പ്രതിമകൾ അടക്കം തകർക്കുന്ന സംഭവമുണ്ടായി. ബിജെപിക്ക് ഇല്ലാത്ത പുച്ഛമാണ് ഗാന്ധിജിയോട് സിപിഎമ്മിന് ഇപ്പോൾ ഉള്ളത്. ഇതുവഴി ബിജെപിയെ പ്രീണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം അക്രമം നടത്തുന്നവരെയെല്ലാം സംരക്ഷിക്കുന്നത് ഇവിടുത്തെ പോലീസാണെന്നും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോലീസായി കേരള പോലീസിനെ മാറ്റിയിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു .
അക്രമം നടന്ന തളിപറമ്പ് തൃച്ഛംബരത്തെ ഇർഷാദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ഡി.സി..സി ജന.സെക്രട്ടെറി ടി.ജനാർദ്ദനൻ, തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി,യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുൽ വെച്ചിയോട്ട്, മണ്ഡലം പ്രസിഡന്റ് ടി.ആർ.മോഹൻദാസ് എന്നിവർ ഡി.സി.സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.