തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് വഞ്ചിയൂർ കോടതി ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. ജാമ്യഹർജിയിൽ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്‌ലിൻ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. അതേസമയം ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർത്തു. തൊഴിലിടത്തിൽ ഒരു സ്ത്രീ മർദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ കരുതിക്കൂട്ടി യുവതിയെ മർദിക്കാൻ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. മനഃപൂർവം അഭിഭാഷകയെ മർദിച്ചിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് ബെയ്‌ലിൻ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടികാട്ടിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. പരിക്കേറ്റ അഭിഭാഷക പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ബെയ്ലിനെ തുമ്പയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെയ്ലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചിട്ടുണ്ട്. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നായിരുന്നു നടപടി.