രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. 'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ' എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കും' എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ വീഡിയോ ഇന്ന് രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ട് ക്രമക്കേട് വെളിപ്പെടുത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പരിഹാസം.
ഓഗസ്റ്റ് 22-ന് മാധ്യമങ്ങളോട് സംസാരിക്കവെ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങളാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. 'ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിച്ച മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്ന് ആള്‍ക്കാരെ കൊണ്ടുവന്ന് ഒരുവര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും' എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് മണ്ഡലത്തിന് പുറത്തുനിന്നും ആളുകളെ എത്തിച്ച് വ്യാജ വിലാസത്തില്‍ അവരുടെ വോട്ട് ചേര്‍ത്താണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.