
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ജയില്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. സഹതടവുകാരില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.
സെല്‍ മുറിച്ച് പുറത്തെത്തിയ ശേഷം 3 മിനുട്ട് നേരം ജയിലിന്റെ വരാന്തയില്‍ നിന്നത് സിസിടിവിയില്‍ ദൃശ്യമായിട്ടും അറിഞ്ഞില്ലെന്ന ജയിലര്‍മാരുടെ വാദവും പൊലീസിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. ഇതിനിടെ ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിയ്ക്ക് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന് സമര്‍പ്പിക്കുക. റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.