+

സെല്ലിന്റെ അഴികള്‍ മുറിച്ചു, പുറത്തിറങ്ങി അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചു ; ഗോവിന്ദച്ചാമി ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ച ശേഷമാണ് പുറത്തേക്ക് കടക്കുന്നത്.മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ ജയില്‍ ചാടിയത്

കണ്ണൂര്‍: ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ച ശേഷമാണ് പുറത്തേക്ക് കടക്കുന്നത്.മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ ജയില്‍ ചാടിയത്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.

സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി, വെള്ളിയാഴ്ച പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതായി സിസിടിവിയില്‍ വ്യക്തമാണ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീടാണ് ഒൻപത് മണിയോടെ തളാപ്പിലെ റോഡില്‍വെച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ നാട്ടുകാർ സംശയകരമായി കണ്ടെന്ന് വിവരം ലഭിക്കുന്നത്. ഗോവിന്ദച്ചാമീ എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

ജയില്‍ ചാടിയ വാര്‍ത്ത ഇതിനകം നാട്ടില്‍ പരന്നിരുന്നു. സംശയം തോന്നി ഗോവിന്ദച്ചാമീ എന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കയറിയതായി സൂചന ലഭിച്ചിരുന്നു. പോലീസ് പിറകെയുണ്ടെന്ന വിവരം ലഭിച്ചതോടെ മതില്‍ ചാടി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന് സമീപത്തേക്കെത്തുകയും കോമ്പൗണ്ടിലെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു. അവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. നിലവില്‍ ഗോവിന്ദചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
 

facebook twitter