തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്ത് അംഗവും മാതാവും തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

10:50 AM Jul 14, 2025 | Kavya Ramachandran

തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും തൂങ്ങി മരിച്ച നിലയിൽ. വക്കം നെടിയവിള വീട്ടിൽ വത്സല (71), മകൻ അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിന് പിൻവശത്താണ് ഇരുവരെയും കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗവും ക്ഷേമകാര്യസമിതി ചെയർമാനുമാണ് അരുൺ.

തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് വിവരിക്കുന്ന ആത്മഹത്യക്കുറിപ്പ് വാട്സ്ആപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്‍റിനും മറ്റ് അംഗങ്ങൾക്കും അരുൺ അയച്ചിരുന്നു. മരണത്തിൽ ഉത്തരവാദികളായവരുടെ പേരും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർക്കെതിരെയാണ് അരുണിന്‍റെ ആരോപണം.

തനിക്കെതിരെ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർ വ്യാജ ജാതിക്കേസും സജി മണിലാൽ എന്നയാൾ മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ സാധിക്കുന്നില്ല. പാസ്പോർട്ട് എടുക്കാനോ ജോലി തേടി പോകാനോ സാധിക്കുന്നില്ല. തന്‍റെയും കുടുംബത്തിന്‍റെയും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്നും ലെറ്റർ ഹെഡിലെഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

ആത്മഹത്യക്കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2024ലാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് അരുൺ മനോവിഷമത്തിലാണെന്ന് പറയപ്പെടുന്നു.