ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. രുചിയിലും സാധാ ചായയിൽന്നും വ്യത്യസ്തമാണ് ഗ്രീൻടീ. കെമിക്കൽസ് ഒന്നും ചേർക്കാതെ തനതായ തേയിലയുടെ രുചിയിൽ എത്തുന്നതാണ് ഗ്രീൻടീ. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും ഞരമ്പുകളുടെ ആരോഗ്യം നിലനിർത്താനും സ്‌ട്രെസ് കുറയ്ക്കാനും ഗ്രീൻടീ ഫലപ്രദമാണ്.
രാവിലെ വെറുംവയറ്റിൽ ഗ്രീൻടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാൻ സഹായിക്കുന്നതായി ചില പഠനങ്ങളിൽ പറയുന്നുണ്ട്. അതോടൊപ്പം ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇങ്ങനൊയൊക്കെയാണെങ്കിലും ഗ്രീൻടീയ്ക്ക് ചില ദോഷവശങ്ങൾ കൂടിയുണ്ട്.
ഗുണം പോലെതന്നെ ഗ്രീൻടീയുടെ അമിത ഉപയോഗം പല ദോഷവശങ്ങളും ഉണ്ടാക്കുന്നുണ്ട്. പരിധിയിൽ കൂടുതൽ ഗ്രീൻ ടീ ശരീരത്തിലെത്തിയാൽ അത് ഗുണത്തെപ്പോലെതന്നെ ദോഷവും വരുത്തിവയ്ക്കും. ഒരു ദിവസം എട്ട് കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് സുരക്ഷിതമല്ല. അതിലധികം കുടിച്ചാൽ കഫീന്റെ അളവ് ശരീരത്തിൽ കൂടാനും പാർശ്വഫലങ്ങളിലേക്ക് നയിക്കാനുമിടയാകും. ചിലപ്പോൾ തലവേദനയും ക്രമരഹിതമായ ഹൃദയമിടിപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല ഇത് കരളിനെ ബാധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. ഗർഭാവസ്ഥയിലുള്ളവർ ഒരിക്കലും അമിതമായ അളവിൽ ഗ്രീൻ ടീ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാരും ഗ്രീൻടീ അമിതമായി കുടിക്കരുത്. ഇത് കഫീൻ മുലപ്പാലിലേക്ക് കടക്കാനും കുഞ്ഞിനെ ബാധിക്കാനും കാരണമാകുന്നു. മുലൂയൂട്ടുന്ന അമ്മമാർ രണ്ട് കപ്പിൽ കൂടുതൽ ഗ്രീൻ ടീ ഉപയോഗിക്കരുത്. ഓസ്റ്റിയോപൊറോസിസ് രോഗികളിൽ ഗ്രീൻ ടീയുടെ അളവ് കൂടിയാൽ കാൽസ്യം മൂത്രത്തിലൂടെ പോകുന്നതിന്റെ അളവ് കൂടും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. അനീമിയ രോഗികളും വിഷാദ രോഗമുളളവരും ഗ്രീൻടീ കുടിക്കരുതെന്നും ആരോഗ്യവിദഗ്ധർ പറയുന്നുണ്ട്.