.പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുവരെ ദിവസവും പേരയ്ക്ക കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ നേടാനാകും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
ഓറഞ്ചിന്റെ ഇരട്ടി വൈറ്റമിൻ സി പേരയ്ക്കയിലുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷണം നേടുന്നതിനും വൈറ്റമിൻ സി ആവശ്യമാണ്. പ്രതിരോധശേഷിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇരുമ്പിന്റെ ആഗിരണത്തിനും പേരയ്ക്ക സഹായിക്കുന്നു.
പ്രമേഹമുള്ളവർക്ക് അനുയോജ്യം
നാരുകളാൽ സമ്പുഷ്ടവും ഗ്ലൈസെമിക് സൂചിക കുറവുള്ളതുമായ പഴമാണ് പേരയ്ക്ക. പ്രമേഹമുള്ളവർക്ക് അനുയോജ്യമായ പഴമാണ്. പേരയ്ക്കയിലെ ഉയർന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഹൃദയാരോഗ്യത്തിന് ഗുണകരം
ഹൈപ്പർടെൻഷൻ ഉള്ളവർക്ക്, ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ഈ പഴം കഴിക്കാം. പേരയ്ക്ക കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കുകയും, കൊളസ്ട്രോൾ കുറയ്ക്കുകയും, നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്തു കൊണ്ട് ഹൃദയാരോഗ്യം വർധിപ്പിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പേരയ്ക്ക കഴിക്കാം. ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. നാരുകൾ ദീർഘനേരം സംതൃപ്തി നൽകാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. ഉയർന്ന കലോറിയുള്ള ലഘുഭക്ഷണത്തിന് പകരം പേരയ്ക്ക ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ആരോഗ്യമുള്ള ചർമ്മം നൽകുന്നു
കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് പേരയ്ക്ക. ചർമ്മത്തെ കേടുപാടുകളിൽ നിന്നും ചുളിവുകളിൽ നിന്നും സംരക്ഷിക്കുന്നു. പേരയ്ക്കയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു.