കായംകുളം: അതിഥി തൊഴിലാളിയെ 50 ഗ്രാം ഹെറോയിനുമായി കായംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മാൾഡാ സ്വദേശിയായ അമീർ (28) ആണ് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്ന് കായംകുളം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പിടികൂടിയത്. ഐക്യ ജംഗ്ഷന് പഠിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അമീർ നാട്ടിൽ നിന്ന് വൻ തോതിൽ ഹെറോയിൻ കൊണ്ടുവന്ന ശേഷം കായംകുളത്ത് ചെറുപായ്ക്കറ്റുകളാക്കി വിൽപ്പന നടത്തുകയായിരുന്നു. ഇത് പ്രധാനമായും കായംകുളം–കൊല്ലം ബോർഡറിൽ താമസിക്കുന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളിലേക്കാണ് എത്തിച്ചതെന്നു പൊലീസ് അറിയിച്ചു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബിനു കുമാർ ടി, സിഐ അരുൺഷാ, എസ്ഐ രതീഷ് ബാബു, എസ് സിപിഒ ബിജുകുമാർ, സിപിഒ പത്മദേവ്, ഹാരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.