ന്യൂഡൽഹി: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചർച്ചകൾ 'തെറ്റായ വിവരങ്ങൾ' നൽകാനുള്ള ശ്രമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച പുറത്തിറങ്ങിയ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ വാദങ്ങൾ നിരാകരിച്ചത്. 2002 മുതൽ ഗുജറാത്തിൽ ഒരു വർഗീയ കലാപവും ഉണ്ടായിട്ടില്ലെന്നും അതിന് മുമ്പ് സംസ്ഥാനത്ത് പതിവായി കലാപങ്ങൾ നടന്നിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ 250 ലധികം കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചില സ്ഥലങ്ങളിൽ നിരന്തരം കർഫ്യൂ ഏർപ്പെടുത്തേണ്ടിവന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2002 ഫെബ്രുവരി 27 ന് ഗോധ്രയിൽ ഹിന്ദു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന സബർമതി എക്സ്പ്രസ് കത്തിക്കുകയും 59 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ സംസ്ഥാനത്തുടനീളം വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. രണ്ടുമാസത്തോളം നീണ്ട കലാപത്തിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. അക്രമ സംഭവങ്ങൾ തീവ്രമായിരുന്നുവെന്നും തീവെപ്പ്, കൂട്ടക്കൊല, ബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1999 ലെ കാണ്ഡഹാർ വിമാന ഹൈജാക്ക്, 2000 ലെ ചെങ്കോട്ട ആക്രമണം, 2001 ലെ അമേരിക്കയിലെ 9/11 ആക്രമണം എന്നിവയുൾപ്പെടെ പല പ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവം നടന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കലാപങ്ങളാണെന്ന ധാരണ തെറ്റായ വിവരമാണെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ അധികാരത്തിലിരുന്നിട്ടും, ആരോപണങ്ങൾ നിലനിന്നിരുന്നില്ല. കോടതികൾ ഞങ്ങളെ നിരപരാധികളായി കണ്ടെത്തി,' അദ്ദേഹം വ്യക്തമാക്കി. 2002 കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീംകോടതി ഗുജറാത്ത് ഹൈകോടതിയുടെ വിധികൾ ശരിവെച്ചിരുന്നു. 2022-ൽ, പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മോദിക്കും മറ്റ് നിരവധി പേർക്കും നൽകിയ ക്ലീൻ ചിറ്റിനെ ചോദ്യം ചെയ്ത് സകിയ ജാഫരി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളുകയും ചെയ്തു. കഴിഞ്ഞ 22 വർഷത്തിനിടെ വലിയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ഗുജറാത്ത് സമാധാനപരമായി മുന്നേറുകയാണെന്നും മോദി പറഞ്ഞു.