സന്ധിവേദനയും മുടികൊഴിച്ചിലും ക്ഷീണവും അടക്കമുള്ള പലവിധ പൊല്ലാപ്പുകള്‍ക്ക് വിറ്റാമിന്‍ ഡി-യുടെ കുറവ് കാരണമാകും. എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിലും വിറ്റാമിന്‍ ഡി-യ്ക്ക് വലിയ പങ്കുണ്ട്. വിറ്റാമിന്‍ ഡി-യുടെ കുറവ് ധമനികളുടെ കട്ടികൂട്ടി രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടയും. വിറ്റാമിന്‍ ഡി-യുടെ അസന്തുലിതാവസ്ഥ ചില ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ ഏറ്റക്കുറച്ചിലും അതുവഴി ശരീരഭാരം കൂടുന്നതിനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
വെയിലിന്റെ പങ്ക്
പ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. തീരെ വെയിലേല്ക്കേണ്ടതില്ലാത്ത ജീവിതരീതിയും വെയിലേല്‍ക്കാത്ത വിധത്തിലുള്ള വസ്ത്രധാരണവും സണ്‍സ്ക്രീന്‍ ഉത്പന്നങ്ങളുടെ അമിതോപയോഗവും വിറ്റാമിന്‍ ഡി-യുടെ അപര്യാതതയ്ക്ക് കാരണമാകുന്നു. ദിവസവും പത്ത് മുതല്‍ മുപ്പത് മിനിറ്റ് വരെ വെയിലേല്‍ക്കുന്നത് വിറ്റാമിന്‍ ഡി-യുടെ ഉത്പാദനത്തിന് സഹായകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ, വെറുതെ വെയില് കൊണ്ടതുകൊണ്ടുമാത്രം വിറ്റാമിന്‍ ഡി ലഭിക്കണമെന്നില്ല. അതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. ഡോക്ടറുടെ നിര്‍ദേശത്തോടെ വിറ്റാമിന്‍ ഡി സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.
മുട്ടയും പാലും
മുട്ടയുടെ വെള്ളയും പാല് ഉത്പന്നങ്ങളും ചെറു മത്സ്യങ്ങളും വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് അനുയോജ്യമാണ്. ധാന്യങ്ങള്‍, ബീഫ്, കൂണ് തുടങ്ങിയവയും വിറ്റാമിന്‍ ഡി-യുടെ പ്രധാന സ്രോതസ്സുകളായി കരുതപ്പെടുന്നു.