+

പുരുഷന്മാരിലെ മുടികൊഴിച്ചിലിന് പിന്നിലെ കാരണങ്ങൾ

ഹോർമോൺ, ജനിതക, പാരിസ്ഥിതിക ഘടകങ്ങൾ, ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. 
ഹോർമോൺ, ജനിതക, പാരിസ്ഥിതിക ഘടകങ്ങൾ, ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പുരുഷന്മാരിൽ മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം,
ഹോർമോൺ അസന്തുലിതാവസ്ഥ
മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകമാണിത്. ടെസ്റ്റോസ്റ്റിറോൺ ഡൈഹൈഡ്രോട്ടെസ്‌റ്റോസ്റ്റിറോണായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് ഇതിന് കാരണം. ഈ അവസ്ഥയിൽ മുൻഭാഗത്തെയും ക്രൗൺ ഭാഗത്തെയും മുടികളാണ് കൂടുതലായും കൊഴിയുന്നത്. മാത്രമല്ല തലയുടെ മുൻഭാഗത്തെ മുടി M ആകൃതിയിലാകുകയും ചെയ്യുന്നു.
ഓട്ടോഇമ്മ്യൂൺ ഡിസോർഡർ
നമ്മുടെ സ്വന്തം രോഗപ്രതിരോധ സംവിധാനങ്ങൾ രോമകൂപങ്ങളെ ആക്രമിക്കുകയാണ് ഈ അവസ്ഥയിൽ ചെയ്യുന്നത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.
സമ്മർദ്ദം
ശാരീരികമോ മാനസികമോ ആയ സമ്മർദ്ദങ്ങൾ മുടികൊഴിച്ചിലിന് കാരണമാകും. സമ്മർദ്ദ സമയത്ത് കോർട്ടിസോളിന്റെ ഉത്പാദനം വർധിക്കുന്നതിനാൽ മുടിയുടെ വളർച്ചാചക്രം തടസപ്പെടുന്നു. സമ്മർദ്ദം പെട്ടെന്ന് തന്നെ മുടികൊഴിച്ചിലിന് കാരണമാകും. സമ്മർദ്ദമുള്ളവരിൽ ഉത്കണ്ഠ, വിഷാദം, ക്ഷീണം പോലുള്ള ലക്ഷങ്ങളുമുണ്ടാകാം.
ജനിതക ഘടകങ്ങൾ
ജനിതക ഘടകങ്ങളാണ് പുരുഷന്മാരിൽ മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റൊന്ന്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളുടെ (DHT) ഉത്പാദനത്തെ ജനിതകശാസ്ത്രം സ്വാധീനിക്കും. മുടിയുടെ വളർച്ച അല്ലെങ്കിൽ മുടി കൊഴിച്ചിൽ ഇവയുടെ സാധ്യതകൾ നിർണയിക്കുന്നതിൽ ജനിതക ഘടകങ്ങൾക്ക് പ്രധാന പങ്കുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ തലയുടെ മുൻഭാഗത്ത് നിന്നുമാകാം മുടികൊഴിച്ചിൽ ആരംഭിക്കുന്നത്.
മോശം ഭക്ഷണരീതി
മോശമായ അല്ലെങ്കിൽ ശരിയല്ലാത്ത ഭക്ഷണക്രമവും മുടികൊഴിച്ചിലിന് കാരണമായേക്കാം. ഭക്ഷണത്തിലെ ഇരുമ്പ്, സിങ്ക്, ബയോട്ടിൻ തുടങ്ങിയ അവശ്യപോഷകങ്ങളുടെ അഭാവം മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. മുടികളിൽ അമിതമായ ചൂട് ഉപയോഗിച്ചുള്ള സ്‌റ്റൈലിങും അമിതമായി രാസവസ്തുക്കൾ അടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും മുടിക്ക് ഭീഷണി തന്നെയാണ്
facebook twitter