
തൃശൂർ : മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച താരമാണ് കലാഭവൻ നവാസ്. പടിപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഉയർച്ച. മിമിക്രി കലാകാരൻ, ഹാസ്യതാരം, ഗായകൻ, ചലച്ചിത്ര നടൻ, സ്റ്റേജ്-ടെലിവിഷൻ താരം എന്നിങ്ങനെ ആളുകൾക്കിടയിൽ അദ്ദേഹം ഇറങ്ങിച്ചെന്നു. മിമിക്രി സ്റ്റേജ് ഷോകൾ വഴിയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. കലാഭവന്റെ മിമിക്രി ട്രൂപ്പിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. പിന്നീട്, സഹോദരനായ നിയാസ് ബക്കറുമായി ചേർന്ന് കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ ഒട്ടേറെ മിമിക്രി പരിപാടികൾ അവതരിപ്പിച്ചു.
1995-ൽ പുറത്തിറങ്ങിയ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പിന്നീട അങ്ങോട്ട് നിരവധി കഥാപാത്രങളാണ് അദ്ദേഹത്തെ തേടി എത്തിയത്. ഹാസ്യം എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നല്ല. കണ്ടിരിക്കുന്നവർ ചിരിച്ചില്ലെങ്കിൽ അത് ആ കലാകാരന്റെ പരാജയമാണ്. എന്നാൽ ഇതുവരെ അങ്ങനെ ഒരു പരാജയം നവാസിന് ഉണ്ടായിട്ടില്ല. ചെയ്ത കഥാപാത്രങ്ങളിൽ ഭൂരിഭാഗവും ഹാസ്യകഥാപാത്രങ്ങൾ ആയിരുന്നു. അവയെല്ലാം ഇന്നും ആളുകൾ ഓർത്തുവയ്ക്കുന്നു. മിമിക്രി രംഗത്തു നിന്ന് വന്നതിൻ്റെ കരുത്തും ചടുലതയും പിതാവിൻ്റെ അഭിനയ പാരമ്പര്യവും നവാസിന് കരുത്തായിരുന്നു. അതുകൊണ്ടു തന്നെ സിനിമയിൽ അവസരങ്ങൾ ചോദിച്ചു പോകേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായില്ല. ചെറുതും വലുതുമായ റോളുകൾ നവാസിനെ തേടിയെത്തിയിരുന്നു. അതിൽ ചിലത് ഏറെ ശ്രദ്ധേയവുമായിരുന്നു.
ഹിറ്റ്ലർ ബ്രദേഴ്സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദാമാമ (1999), തില്ലാന തില്ലാന (2003) തുടങ്ങിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 2025-ൽ ഡിറ്റക്ടീവ് ഉജ്ജ്വലനിൽ വ്യത്യസ്ത ഗെറ്റപ്പിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
1974-ൽ വടക്കാഞ്ചേരിയിലാണ് നവാസിൻ്റ ജനനം. നടി രഹ്നയാണ് ഭാര്യ. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. ചലച്ചിത്രതാരം രഹ്നയാണ് ഭാര്യ. സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്. മറ്റൊരു സഹോദരൻ നിസാം അഭിനയ രംഗത്തില്ല.