+

ഉരുൾപൊട്ടൽ ദുരിതബാധിതരായ സ്ത്രീകൾക്കെതിരേ ഇൻസ്റ്റഗ്രാം വഴി ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരായ  സ്ത്രീകൾക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റിൽ. സുൽത്താൻബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.

കല്പറ്റ: ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരായ  സ്ത്രീകൾക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റിൽ. സുൽത്താൻബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞവർഷം ജൂലായ് 30-ന് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചാണ് പിറ്റേദിവസം ഇയാൾ ലൈംഗികപരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം ഇൻസ്റ്റഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കല്പറ്റയിൽ ബിസിനസ് നടത്തുകയും െചയ്യുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാൾ വ്യാജ അക്കൗണ്ട് നിർമിച്ചത്.

കല്പറ്റ എസ് കെഎംജെ സ്കൂളിൽ ദുരിതാശ്വാസക്യാമ്പിൽ സേവനം ചെയ്യുന്നതിനിടയിലാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇത്തരം പോസ്റ്റുകൾ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടർന്ന് വയനാട് സൈബർ പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ കേസെടുത്തു. മാസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ബാഷിദിനെ പിടികൂടിയത്.

വിപിഎൻ സംവിധാനം ഉപയോഗിച്ച് ഐപി മേൽവിലാസം മാസ്ക് ചെയ്താണ് പ്രതി സ്ത്രീകൾക്കുനേരേ മോശം പരാമർശം നടത്തിയത്. നൂറുകണക്കിന് ഐപി മേൽവിലാസങ്ങൾ വിശകലനം ചെയ്താണ് വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

പരാതിക്കാരനായ യുവാവിനൊപ്പം മാർക്കറ്റിങ് ബിസിനസിൽ ഉണ്ടായിരുന്ന ആളായിരുന്നു ബാഷിദ്. എന്നാൽ, സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ബാഷിദിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്കുനേരേ അതിക്രമം നടത്താൻ‌ കാരണമെന്ന് പോലീസ് പറഞ്ഞു.

പ്രതിക്കെതിരേ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി. കല്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്‍സിപിഒമാരായ കെ.എ. അബ്ദുൽ സലാം, ടി.സി. നജീബ്, സി. രഞ്ജിത്ത്, സി. വിനീഷ, പ്രവീൺകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
 

facebook twitter