ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു മത്സരത്തിനിടെ ആര്‍സിബിയുടെ വിരാട് കോലിയെ പുറത്താക്കിയത് വിപ്രജ് നിഗമാണ്. എന്നാല്‍ പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ ഇന്‍സ്റ്റാഗ്രാം ഫോട്ടോക്ക് കീഴിലായിരുന്നു ആരാധാകരുടെ വിദ്വേഷ കമന്റുകള്‍ നിറഞ്ഞത്.
വിപ്രജ് നിഗം എന്ന പേരിന് പകരം ആര്‍സിബി ആരാധകര്‍ സോനുനിഗത്തിനെ തെറ്റിദ്ധരിച്ചതോടെയാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലെത്തി ഫോട്ടോക്ക് കീഴില്‍ അധിക്ഷേപ കമന്റുകള്‍ ഇട്ടതെന്നാണ് കരുതുന്നത്.
ഡല്‍ഹിയുടെ ലെഗ് സ്പിന്നറായ വിപ്രജ് 22 റണ്‍സിനാണ് വിരാടിനെ പുറത്താക്കിത്. വിരാട് കോലിയുടെ പുറത്താകല്‍ ആതിഥേയ ടീമിനെ വലിയ തോതില്‍ തളര്‍ത്തിയെന്ന് മാത്രമല്ല സ്വന്തം തട്ടകത്തില്‍ വലിയ തോല്‍വിക്കും ഇത് കാരണമാക്കി. 20 ഓവറില്‍ 200 റണ്‍സ് പോലും എടുക്കാതിരുന്ന ബെംഗളുരുവിനെ ഡല്‍ഹി അനായാസമാണ് പരാജയപ്പെടുത്തിയത്. 17 പന്തില്‍ നിന്ന് 37 റണ്‍സ് നേടി പുറത്തായ ഫില്‍ സാള്‍ട്ടിന്റെ റണ്ണൗട്ടിലും 36 കാരനായ വിപ്രജ് നിഗത്തിന് പങ്കുണ്ടായിരുന്നു. എന്തായാലും ബെംഗളുരു ആരാധകര്‍ക്ക് പറ്റിയ അബദ്ധം ചര്‍ച്ചയാവുകയാണ്.