+

കളിക്കുന്നതിനിടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ത്തു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

വിരാട്നഗര്‍ സ്വദേശിയായ മുകേഷിന്റെ മകന്‍ ദേവാന്‍ഷുവാണ് മരിച്ചത്

രാജസ്ഥാനിലെ കോട്പുത്ലി ജില്ലയില്‍ അഞ്ച് വയസുകാരന്‍ അബദ്ധത്തില്‍ സ്വയം വെടിയേറ്റ് മരിച്ചു. വീട്ടിലുണ്ടായിരുന്ന തോക്കില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കുഞ്ഞ് കാഞ്ചി വലിക്കുകയായിരുന്നു.
വിരാട്നഗര്‍ സ്വദേശിയായ മുകേഷിന്റെ മകന്‍ ദേവാന്‍ഷുവാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. വീട്ടില്‍ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്ത് ദേവാന്‍ഷു തോക്ക് കൈയിലെടുക്കുകയായിരുന്നു. പിന്നാലെ കാഞ്ചി വലിച്ചതും തലയ്ക്ക് വെടിയുണ്ട തുളഞ്ഞുകയറി. ശബ്ദംകേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് രക്തത്തില്‍കിടക്കുന്ന കുട്ടിയെ കണ്ടത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതായി പൊലീസ് അറിയിച്ചു.

ദേവാന്‍ഷുവിന്റെ പിതാവ് പ്രദേശത്ത് ഡിഫന്‍സ് അക്കാദമി നടത്തിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇത് പൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട തോക്കാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത തോക്കാണിതെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടേയും ഏക മകനാണ് ദേവാന്‍ഷു.

facebook twitter