മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരലയിൽ മദ്യം ചോദിച്ചിട്ട് കൊടുക്കാത്തതിന് ഡ്യൂട്ടിയിലുള്ള ഒരു ഹോം ഗാർഡ് മദ്യക്കടയ്ക്ക് തീയിട്ടു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മുഴുവൻ സംഭവത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭത്തെ തുടർന്ന് ഹോം ഗാർഡിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിൽ ഡയൽ 112ൽ ജോലി ചെയ്യുന്ന കപിൽ ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ ഹോം ഗാർഡ് കടയ്ക്ക് തീയിടുന്നത് കാണാം.
കാക്കി പാന്റും കറുത്ത വെസ്റ്റും ധരിച്ചാണ് യുവാവ് എത്തിയത്. തലയിൽ ഒരു തുണി കെട്ടിയിട്ടുണ്ട്. മദ്യക്കടയിൽ വന്ന് ചുറ്റി നോക്കി, കുപ്പിയിൽ നിന്ന് പെട്രോൾ എടുത്ത് കടയ്ക്ക് പുറത്ത് ഒഴിച്ചു. അതിനുശേഷം, പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്ത് തീയിടുകയായിരുന്നു. പ്രദേശത്തെ പ്രാദേശിക മദ്യശാലയിലെ സ്ഥിരം സന്ദർശകനായിരുന്ന കപിൽ, കടയുടമയോട് കടമായി മദ്യം ആവശ്യപ്പെട്ടു.
എന്നാൽ, മുമ്പ് വാങ്ങിയ കടം വീട്ടാത്തതിനാൽ കടയുടമ ഇത് നിരസിച്ചു. ഇതിൽ പ്രകോപിതനായ കപിൽ കടയുടമയുമായി വാക്കേറ്റത്തിലേർപ്പെടുകയും പിന്നീട് കടയിൽ നിന്ന് ഇറങ്ങിപ്പോകാൻ കടയുടമ ആവശ്യപ്പെടുകയും ചെയ്തു. ഇത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
കടയുടമ തന്നോട് പെരുമാറിയ രീതിയിൽ ദേഷ്യം തോന്നിയ കപിൽ ഇറങ്ങിപ്പോയി. എന്നാൽ അൽപ്പനേരത്തിന് ശേഷം ഒരു കുപ്പി പെട്രോളുമായി മടങ്ങിയെത്തിയ ഇയാൾ കടയ്ക്ക് തീയിടുകയായിരുന്നു. തീ ആളിപ്പടർന്നതിന് പിന്നാലെ ഇയാൾ ബൈക്കിൽ കയറി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട സമീപവാസികളും ജീവനക്കാരും ഉടൻ ഓടിയെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കടയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോം ഗാർഡായ കപിൽ കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിന് പിന്നാലെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഡയൽ-112 പോലുള്ള പൊതുസേവനങ്ങളിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും, ഇയാൾക്കെതിരെ അന്വേഷണവും അച്ചടക്ക നടപടിയും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. “കടയിലെ വിൽപ്പനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു,” പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു.