+

800 രൂപ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പരീക്ഷ എഴുതിച്ചില്ല; ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സ്‌കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ മകളെ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി

സ്‌കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്.

സ്‌കൂളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ മകളെ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. 800 രൂപ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ മാനേജര്‍ സന്തോഷ് കുമാര്‍ യാദവ്, പ്രിന്‍സിപ്പല്‍ രാജ്കുമാര്‍ യാദവ്, ദീപക് സരോജ് എന്ന ജീവനക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് മകളെ പരസ്യമായി അപമാനിച്ചുവെന്നും അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് മകള്‍ വീട്ടിലെത്തിയത്. താന്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഫീസായ 1,500 രൂപ മുന്‍പ് അടച്ചിരുന്നു. 800 രൂപ മാത്രമാണ് ബാക്കി ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

facebook twitter