തന്നോട് സംസാരിക്കുന്നില്ല ; മധ്യപ്രദേശില്‍ 17 കാരിയെ കൊലപ്പെടുത്തി സഹപാഠി

07:12 AM May 06, 2025 | Suchithra Sivadas

മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി. തന്നോട് സംസാരിക്കാത്തതില്‍ പ്രകോപിതനായതിനാലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ ഉമര്‍ബാന്‍ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം നടത്തിയ അന്വേഷണത്തില്‍ ഒരു സഹപാഠി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഒരു കൃഷിയിടത്തിലേക്ക് പെണ്‍കുട്ടിയെ എത്തിക്കുകയും പ്രതി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.