+

തനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല, താന്‍ ഒറ്റയ്ക്കാണ് വളര്‍ന്നത്, സഹോദരനെ പോലെ തന്നെ കേള്‍ക്കുന്നതില്‍ സന്തോഷമെന്ന് വേടന്‍

സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വേടന് വേദി നല്‍കാന്‍ തീരുമാനിച്ചത്.

താന്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ സ്വാധീനിക്കപ്പെടാതെ ഇരിക്കണമെന്ന് ആരാധകരോട് റാപ്പര്‍ വേടന്‍. എന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിക്കുകയെന്നും ഇടുക്കിയിലെ പരിപാടിയില്‍ വേടന്‍ ആരാധകരോട് പറഞ്ഞു. തനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. താന്‍ ഒറ്റയ്ക്കാണ് വളര്‍ന്നത്. സഹോദരനെ പോലെ തന്നെ കേള്‍ക്കുന്നതില്‍ സന്തോഷമെന്നും വേടന്‍ ആരാധകരോട് പറഞ്ഞു. അറസ്റ്റിനും കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പിന്നാലെ വേടന്റെ ചില പരിപാടികള്‍ റദ്ദാക്കിയിരുന്നു. ഇതിലൊന്നായിരുന്നു ഇടുക്കിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പരിപാടി. 

ഉദ്ഘാടന ദിവസമായ 29 ന് വേടന്റെ പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 28 ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വേടന് വേദി നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് വന്‍ ആരാധക തള്ളിക്കയറ്റം പ്രതീക്ഷിച്ചാണ് പൊലീസ് സ്ഥലത്ത് സുരക്ഷയൊരുക്കിയത്. 200 ഓളം പൊലീസുകാരെയാണ് വിന്യസിച്ചത്. വാഴത്തോപ്പ് സ്‌കൂള്‍ മൈതാനത്തിലാണ് പരിപാടി. സംഗീതനിശയിലേക്ക് പരമാവധി 8000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. അനിയന്ത്രിതമായ നിലയില്‍ ജനത്തിരക്കുണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

facebook twitter