ശബരിമലയിൽ ഭക്ഷ്യ ശുചിത്വമുറപ്പാക്കാനും സാംക്രമിക രോഗങ്ങൾക്ക് തടയിടാനും ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ

09:53 AM Dec 29, 2024 | AVANI MV

 ശബരിമല: മണ്ഡലമഹോത്സവ ദിനങ്ങളിൽ 1,042 ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തി. മണ്ഡലകാല ഉത്സവം അവസാനിച്ചപ്പോൾ 52 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ഹോട്ടൽ ജീവനക്കാരായ 92 പേർക്ക് ഹെൽത്ത്‌ കാർഡ് ഇല്ലാത്തതിനാൽ ജോലിയിൽ നിന്ന് മാറി നിൽക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത്‌ കാർഡ് ലഭിച്ചതിന് ശേഷം മാത്രമേ ഇവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുകയുള്ളു. 

ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ  സാംക്രമിക രോഗങ്ങൾ പടരുന്നത് തടയാനായി ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ ഫോഗിങ് ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാ ജീവനക്കാർക്കും പ്രതിരോധ മരുന്നുകൾ ലഭ്യമാക്കി.