ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം നടക്കുന്നത്. വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും നിർദേശം നൽകി.
അതേ സമയം ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകി. വായുമലിനീകരണത്തെ തുടർന്ന് ആദ്യ ദിവസം 3746 വാഹനങ്ങൾക്കാണ് സംസ്ഥാനത്ത് പിഴ ചുമത്തിയത്. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ ആണ് നടപടി. ഡൽഹി അതിർത്തികളിൽ പരിശോധന കർശനമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത 568 വാഹനങ്ങൾ ഇന്നലെ തിരിച്ചയച്ചു. രണ്ട് ദിവസത്തിനിടെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുത്തത് 61,912 വാഹനങ്ങളാണ്. നിയന്ത്രണം ഫലപ്രദമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി