ഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം 130 കടന്നതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 80 ആയി. കാണാതായ 35 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തത്. ഹിമാചലിലെ മാണ്ഡിയിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്.
ജൂൺ 20ന് ആരംഭിച്ച മൺസൂണിന് പിന്നാലെ 78 മരണങ്ങളാണ് ഹിമാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 28 പേർ റോഡ് അപകടത്തിൽ മരിച്ചപ്പോൾ ബാക്കിയുള്ള 50 പേർ മരിച്ചത് മേഘവിസ്‌ഫോടനം, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയിലാണ്. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരണം 70 കടന്നു. റോഡ് അപകടങ്ങളിൽ മരിച്ചത് 50ലധികം പേരാണെന്നാണ് റിപ്പോർട്ടുകൾ. കാര്യമായ നാശനഷ്ടമുണ്ടായ ഉത്തരകാശിയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യോമ നിരീക്ഷണം നടത്തി.
മഴക്കെടുതിയിൽ ഉത്തരകാശിയിൽ മാത്രം മരിച്ചത് 8 പേരാണ്. അതേസമയം ഛത്തീസ്ഗഡ്ഢിലെ കോബ്രയിൽ വെള്ളം കയറിയ വീടിന് മുകളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ 17 പേരെ സാഹസികമായി രക്ഷപ്പെടുത്തി. പൊലീസും ദുരന്ത നിവാരണ സേനയും ചുമലിൽ കയറ്റി വടംകെട്ടി നദികടന്നാണ് രാത്രി 17 പേരെ രക്ഷപ്പെടുത്തിയത്. വരുന്ന അഞ്ച് ദിവസവും ഉത്തരേന്ത്യയിൽ മൺസൂൺ സജീവമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.