ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയും മഴക്കെടുതിയും രൂക്ഷമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജമ്മു, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ പ്രളയമുന്നറിയിപ്പ് നിൽക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം ജമ്മുവിൽ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും മരണം 45 കടന്നതായി അധികൃതർ അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. വൈഷ്‌ണോ ദേവി തീർത്ഥാടന പാതയിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ ചമോലി, രുദ്ര പ്രയാഗ് എന്നിവിടങ്ങളിലും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ഒഡീഷ്യയിലെ നാല് ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഛത്തീസ്ഗഢിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഓൾഡ് ദില്ലിയും കനത്ത ജാഗ്രതയിലാണ്.