
കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുംവീണ്ടും മൊബൈൽ ഫോൺ കണ്ടെടുത്തു. സെൻട്രൽ ജയിൽ ന്യൂ ബ്ലോക്കിന്റെ പിറക് വശത്തു നിന്നാണ് വീണ്ടും ജയിലിൽ നിരോധിച്ച മൊബൈൽ ഫോൺ കണ്ടെടുത്തത്. ഏഴോളം മൊബൈൽ ഫോണുകളാണ് രണ്ടാഴ്ചക്കിടെ ജയിലിൽ നിന്ന് പരിശോധനക്കിടെ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം തടവുകാരൻ ഫോൺ വിളിക്കുന്നതും പരിശോധനക്കിടെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് 3.40 ന് നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ജയിലിലെ മതിൽക്കെട്ടിനു പുറത്തുനിന്ന് മൊബൈൽ ഫോണും പുകയില ഉൽപന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നൽകുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാൾ ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടിയിലായിരുന്നു. മറ്റു രണ്ടുപേരെ ഇനിയും പിടികൂടാനായില്ല. പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയി യാണ് പിടിയിലായത്. പണം വാങ്ങിയാണ് കഞ്ചാവ് ഉൾപ്പെടെ ജയിൽ തടവുകാർക്ക് മതിലിന് പുറത്ത് എറിഞ്ഞു കൊടുത്തതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. ഒരാഴ്ച്ച മുൻപാണ് ജയിലിലെ സുരക്ഷ പരിശോധിക്കുന്നതിനായി മുൻ ഡി.ജി.പി ജേക്കബ് പുന്നു സിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ സന്ദർശനം നടത്തിയത്.