പഞ്ചാബിൽ മഴക്കെടുതി രൂക്ഷം
പഞ്ചാബ്: പഞ്ചാബിൽ മഴക്കെടുതി രൂക്ഷം. ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലാണ്. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തുടനീളം നിരവധി ജില്ലകൾ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നുവെന്നും പിന്നീട് മരണസംഖ്യ ഉയർന്നുവെന്നും പഞ്ചാബിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. 300 ഓളം കന്നുകാലികൾ ഒലിച്ചുപോയി. 58 വീടുകൾ പൂർണമായും തകർന്നു.
1955 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ശക്തമായ മഴ യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നത്തിന് കാരണമായി. നോയിഡ, ഗുരുഗ്രാം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴ റോഡ്, റെയിൽ , വിമാന സർവീസുകളെയും സാരമായി ബാധിച്ചു. പ്രളയബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്ന് പ്രതി പക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.