ശക്തമായ മഴയിലും കാറ്റിലും തിരുവല്ലയിൽ വ്യാപക നാശനഷ്ടം

12:00 PM May 25, 2025 |


തിരുവല്ല : ശക്തമായ മഴയും വീശിയടിച്ച കാറ്റും നാശം വിതച്ചു. നെടുമ്പ്രത്ത് ഒരു വീടിന് മുകളിൽ മരംവീണു. മുത്തൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് അധികൃതർ സ്ഥലത്തെത്തി മരംമുറിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

നെടുമ്പ്രം പഞ്ചായത്ത് 12 ാം വാർഡിൽ വാളകത്തിൽ പാലത്തിന് സമീപം തോപ്പിൽ വടക്കേതിൽ ചന്ദ്രന്റെ വീടിന് മുകളിലേക്ക്  പ്ലാവ് മറിഞ്ഞു വീണു. ആളപായമില്ല. ശനിയാഴ്ച വൈകിട്ട് 5.30 മുതൽ ഒരു മണിക്കൂറോളം ശക്തമായ കാറ്റും മഴയും തുടർന്നു. 

കനത്തമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫയർഫോഴ്‌സിന് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പലയിടത്തും മരത്തിന്റെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം മുതൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു.