+

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുകയാണ്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മ‍ഴയിൽ എറണാകുളത്തും കോട്ടയത്തും നിരവധി വീടുകൾ തകർന്നു. കുറിച്ചി പുത്തൻ കോളനിയിൽ വീട് ഇടിഞ്ഞു വീണു. ശനിയാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. കുഞ്ഞൻകവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

എറണാകുളത്ത് മ‍ഴക്കെടുതിയിൽ 19 വീടുകൾ തകർന്നു. തേവക്കലിൽ മണ്ണ് ഇടിഞ്ഞു വീണ് വീട് പൂർണമായും തകർന്നു. ഇടുക്കി ജില്ലയിലും കനത്തമ‍ഴ തുടരുകയാണ്. മ‍ഴയിൽ ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ക‍ഴിഞ്ഞ ദിവസം രാത്രിയിൽ ലോറിയിലേക്ക് മണ്ണ് വീണ് രാത്രിയിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്.

അതേസമയം, മ‍ഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ റോഡിലേക്ക് വെള്ളം കയറി. ഇന്നലെ ഉച്ച കഴിഞ്ഞ് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിഞ്ഞതിനെ തുടർന്നാണ് റോഡിലേക്ക് വെള്ളം കയറിയത്. റോഡിന്‍റെ നൂറ് മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. സംസ്ഥാനപാതയിൽ ഒരടിയോളം വെള്ളം ഉയർന്നു. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകളും തുറന്നിട്ടുണ്ട്. കണ്ണൂർ കണ്ടോത്ത് കൂർമ്പ ക്ഷേത്ര വളപ്പിലെ കൂറ്റൻ ആൽമരം കടപുഴകി വീണു.

ക്ഷേത്ര നടപ്പന്തൽ ഭാഗികമായി തകർന്നു. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. തീരദേശ മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

facebook twitter