മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

12:20 PM Mar 17, 2025 | AVANI MV

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറഞ്ഞത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് വിധി.

മുനമ്പത്ത് കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുനമ്പത്തേത് വഖഫ് വസ്തു വകയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ല. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതിയുക്തമല്ല. കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായി തീരുമാനമെടുത്തു. മനസിരുത്തിയല്ല സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കോടതി പറഞ്ഞു.