
കൊച്ചി പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ക്യാമ്പയിനുമായി സമസ്ത. സമസ്ത എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് ചര്‍ച്ച നടത്തും. 'തട്ടത്തിന്‍ മറയത്തെ വര്‍ഗീയത' എന്ന പേരിലാണ് ചര്‍ച്ച.
ഹിജാബ് വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെ പ്രശംസിച്ച് മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് ക്യാമ്പയിനൊരുങ്ങുന്നത്. 'ഹിജാബ് സംരക്ഷണം' ചര്‍ച്ചയാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഭരണഘടനയെയും മതേതരത്വത്തെയും ചേര്‍ത്തുപിടിച്ചുള്ള പ്രതികരണമാണ് വി ശിവന്‍കുട്ടി നടത്തിയതെന്നായിരുന്നു സമസ്ത അഭിപ്രായപ്പെട്ടത്.
ശിരോവസ്ത്രത്തെ പേടിസ്വപ്നമാക്കി ചിത്രീകരിക്കാനുള്ള ഹീനമായ ശ്രമമാണ് സ്‌കൂളില്‍ നടന്നതെന്നും ശിരോവസ്ത്രത്തിനായി വാദിച്ചവരെ വര്‍ഗീയവാദികളാക്കിയെന്നും സമസ്ത അവരുടെ മുഖപത്രത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്‌കൂള്‍ മാന്വല്‍ ഭരണഘടനയ്ക്ക് മുകളിലാണെന്ന് വാദിക്കുന്നവര്‍ വര്‍ഗീയവാദികളും രാജ്യവിരുദ്ധരുമാണ്. തട്ടമിട്ട് പെണ്‍കുട്ടി സ്‌കൂളിലെത്തിയാല്‍ സഹപാഠികള്‍ക്ക് പേടിയാവുമെന്ന് ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീയുടെ നിഷ്‌കളങ്ക ആഖ്യാനം ഒറ്റപ്പെട്ട പരാമര്‍ശമോ സംഭവമോ അല്ല. കേരളത്തിന്റെ മാറുന്ന സാമൂഹികമണ്ഡലത്തില്‍ പറ്റിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ വേതാളങ്ങളുടെ പ്രതിധ്വനിയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ശിരോവസ്ത്രമെന്നത് ഒരു പേടിസ്വപ്നമാക്കി ചിത്രീകരിക്കാന്‍ നടത്തിയ ഏറ്റവും ഹീനമായ വര്‍ഗീയ പ്രചാരണങ്ങളാണ് ഈ സംഭവം ജനശ്രദ്ധയിലെത്തിച്ചതെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം ചര്‍ച്ചയായത്.