ഭര്‍ത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ ഒപ്പം താമസിച്ചത് ആറ് ദിവസം

11:15 AM Jul 07, 2025 | Renjini kannur

ഭര്‍ത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ ഒപ്പം താമസിച്ചത് ആറ് ദിവസം .കോയമ്ബത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുല്‍ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടില്‍നിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയല്‍വാസികള്‍ പരാതി പറഞ്ഞപ്പോള്‍ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ് ബസാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ട് 5 - 6 ദിവസമായിട്ടുണ്ടെന്നു കണ്ടെത്തിയത്.

ജോലിക്കൊന്നും പോകാത്ത അബ്ദുല്‍ ജബ്ബാർ മദ്യപനായിരുന്നെന്നും മനോദൗർബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. ചെറിയ വീടായിരുന്നതിനാല്‍ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവരുടെ മകനും മകളും താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടില്‍ നിന്നു ദുർഗന്ധമുണ്ടെന്ന് അയല്‍ക്കാർ പറഞ്ഞതിനെത്തുടർന്നു മകൻ എത്തി പരിശോധിച്ചിരുന്നു.

എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുല്‍ ജബ്ബാർ കിടക്കയില്‍ ഉറങ്ങിക്കിടക്കുന്നതു കാണുകയും ചെയ്തതോടെ മകൻ തിരിച്ചു പോയി. ഞായറാഴ്ച ദുർഗന്ധം കൂടിയതോടെ അയല്‍ക്കാർ വീണ്ടും മകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് കിടക്കയിലുള്ള പിതാവിന്റെ ശരീരത്തില്‍ നിന്നാണു ദുർഗന്ധമെന്നു മനസ്സിലായത്. തുടർന്നാണ് പൊലീസില്‍ അറിയിച്ചത്. മൃതദേഹം കോയമ്ബത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.

Trending :