ചരിത്ര പുസ്തകങ്ങളിൽ മുഗൾ സാമ്രാജ്യത്തിന് അമിത പ്രാധാന്യം നൽകി : മാധവൻ

06:13 PM May 02, 2025 | Neha Nair

ന്യൂഡൽഹി: ചരിത്ര പുസ്തകങ്ങളിൽ മുഗൾ സാമ്രാജ്യത്തിന് അമിത പ്രാധാന്യം നൽകിയതായി നടൻ മാധവൻ. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിയിലെ ചരിത്ര പ്രാതിനിധ്യത്തെ കുറിച്ചുള്ള സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു നടൻ.

ചെറുപ്പത്തിൽ സ്കൂളിൽ ചരിത്രം പഠിച്ചപ്പോൾ, മുഗളന്മാരെക്കുറിച്ച് എട്ട് അധ്യായങ്ങളും ഹാരപ്പ, മോഹൻജോദാരോ നാഗരികതകളെക്കുറിച്ച് രണ്ട് അധ്യായങ്ങളും ബ്രിട്ടീഷ് ഭരണത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് നാല് അധ്യായങ്ങളും ദക്ഷിണേന്ത്യയിലെ ചോളർ, പാണ്ഡ്യർ, പല്ലവർ, ചേരർ എന്നിവരെക്കുറിച്ച് ഒരു അധ്യായവും മാത്രമാണ് ഉണ്ടായിരുന്നതെന്നും മാധവൻ പറഞ്ഞു.

ബ്രിട്ടീഷുകാരും മുഗളൻമാരും ഏതാണ്ട് 800 വർഷം ഇന്ത്യ ഭരിച്ചു. ചോള സാമ്രാജ്യത്തിന് 2400 വർഷം പഴക്കമുണ്ട്. അവർ സമുദ്രയാത്രയുടെയും നാവിക ശക്തിയുടെയും തുടക്കക്കാരായിരുന്നു. റോം വരെ നീളുന്ന സുഗന്ധവ്യഞ്ജന പാതകൾ അവർക്കുണ്ടായിരുന്നു. നമ്മുടെ ചരിത്രത്തിലെ ആ ഭാഗം എവിടെ? നമ്മുടെ ശക്തമായ നാവികസേന ഉപയോഗിച്ച് അങ്കോർ വാട്ട് വരെ ക്ഷേത്രങ്ങൾ നിർമിച്ചതിനെ കുറിച്ച് എവിടെയാണുള്ളത്? ജൈനമതവും ബുദ്ധമതവും ഹിന്ദുമതവും ചൈനയിലേക്ക് വ്യാപിച്ചു. കൊറിയയിലെ ആളുകൾ പകുതി തമിഴ് സംസാരിക്കുന്നു, കാരണം അത്രത്തോളം നമ്മുടെ ഭാഷ എത്തിച്ചേർന്നു. ഇതെല്ലാം നമ്മൾ ഒരു അധ്യായത്തിൽ മാത്രം ഒതുക്കി​''-മാധവൻ പറഞ്ഞു.

ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും ഡൽഹി സുൽത്താൻമാരെ കുറിച്ചുമുള്ള പരാമർശങ്ങൾ മുഴുവൻ നീക്കം ചെയ്യാൻ എൻ.സി.ഇ.ആർ.ടി തീരുമാനിച്ചിരുന്നു. ആ ഭാഗങ്ങൾക്ക് പകരം പുണ്യ ഭൂമിശാസ്ത്രം, മഹാകുംഭമേള, മേക്ക് ഇൻ ഇന്ത്യ, ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സർക്കാർ സംരംഭങ്ങളെ കുറിച്ചുള്ള ഉള്ളടക്കമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.