തിരുവനന്തപുരം: മീൻ പിടിക്കാൻ പോയ ഗൃഹനാഥനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ ചാവടി നട സ്വദേശി ശ്രീജൻ കുമാറിനെ ( 50 ) യാണ് ചാവടി നടയ്ക്ക് സമീപം കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ അതുവഴിയെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ട് ദിവസം മുമ്പ് ഇയാൾ തറയിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു.
അതിനുള്ള ചികിൽസയ്ക്കായി ഇന്ന് ആശുപത്രിയിൽ പോയി വന്ന ശേഷം കനാലിൽ മീൻ പിടിക്കാൻ ചൂണ്ടയുമായി പോയതാണെന്നാണ് വിവരം. മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണതാവാമെന്നാണ് നാട്ടുകാർ പറയുന്നത്. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് വിശദമാക്കുന്നത്.