ഹണി റോസിന്റെ അശ്ലീല പരാമർശ കേസ് ; ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ

12:00 PM Jan 16, 2025 | Neha Nair

കൊച്ചി : നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചേക്കും. സോഷ്യൽ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യും. പരാമർശങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടി വരും.

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിൽ കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയുണ്ടായത്. കേസിൽ റിമാൻഡിലായ ബോബിക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയ ശേഷവും ബോബി ചെമ്മണ്ണൂർ നടത്തിയ നാടകങ്ങൾ കോടതിയുടെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ജാമ്യം കിട്ടിയ ശേഷവും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി ശാസിച്ച ഹൈക്കോടതി, നിയമസംവിധാനത്തിന് മുകളിൽ കൂടി പറന്നിറങ്ങാൻ ബോബി ചെമ്മണ്ണൂർ  നോക്കോണ്ടെന്നും വിമർശിച്ചു. ഇനിയുമിത് തുടർന്നാൽ ജാമ്യം റദ്ദാക്കി ജയിലിലിടയ്ക്കുമെന്ന മുന്നറിയിപ്പ് നൽകി. മേലാൽ അനവാശ്യമായി വാ തുറക്കില്ലെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂർ അഭിഭാഷകൻ മുഖേൻ അറിയിച്ചതോടെയാണ് മണിക്കൂറുകൾ  നീണ്ട നാടകീയകൾക്ക് അവസാനമായത്.