മലയാളത്തിലെ ആദ്യ ഹോറർ കോമഡി വെബ് സീരിസായ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഉടൻ സ്ട്രീമിങ് ആരംഭിക്കും. ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ-5ലാണ് റിലീസ് ചെയ്യുന്നത്. ശബരീഷ് വർമ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സീരീസ് 2025 നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും. പ്ലാറ്റ്‌ഫോമിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഔദ്യോഗിക അപ്‌ഡേറ്റ് പങ്കിട്ടിട്ടുണ്ട്.
'ചിരിയുടെയും ഭീകരതയുടെയും വാതിലുകൾ തുറക്കാൻ പോകുന്നു! കേരളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസ്, ഇൻസ്പെക്ഷൻ ബംഗ്ലാവ്, നവംബർ 14 ന് പ്രീമിയർ ചെയ്യുന്നു' എന്നാണ് പ്രഖ്യാപനം പങ്കുവെച്ചുകൊണ്ട് പ്ലാറ്റ്‌ഫോം എഴുതിയത്. ഔദ്യോഗിക ട്രെയിലർ അടുത്തിടെ നടൻ ദിലീപ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയിരുന്നു. ആദിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
സബ് ഇൻസ്പെക്ടർ വിഷ്ണുവിന്റെ കഥയാണ് ഇൻസ്പെക്ഷൻ ബംഗ്ലാവ് പറയുന്നത്. തദ്ദേശവാസികൾ ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്ന് വിളിക്കുന്ന ഉപേക്ഷിക്കപ്പെട്ട സർക്കാർ സ്ഥലത്തേക്ക് തന്റെ പൊലീസ് സ്റ്റേഷൻ മാറ്റാൻ അദ്ദേഹം നിയോഗിക്കപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സീരീസിൽ. സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന പരമ്പര വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായരാണ് നിർമിക്കുന്നത്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്