മലപ്പുറം: മലപ്പുറം കീഴ്ശ്ശേരിയിൽ ആശുപത്രി മുറിയിൽ മോഷണം നടത്തിയ സംഭവത്തിലെ പ്രതി പിടിയിലായി. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് ആണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ 50,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്.
അതേസമയം രോഗിയും കൂടെ ഉണ്ടായിരുന്ന ആളും പുറത്ത് പോയ സമയത്താണ് ഇയാൾ മുറിക്കുള്ളിൽ കയറി മോഷണം നടത്തിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ നിന്ന് ലഭിച്ചിരുന്നു.
പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത് ഈ സിസിടിവി ദൃശ്യങ്ങളായിരുന്നു. പൊലീസിന്റെ പിടിയിലായ അബ്ബാസ് സമാനമായ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.