
കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റുമരിച്ച ഡോക്ടർ വന്ദനാദാസിന്റെ സ്‌മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം 17-ന് നടക്കും. 11.30-ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
മധുരവേലി പ്ലാമൂട് ജങ്ഷന് സമീപം ലക്ഷ്മി കോംപ്ലെക്‌സിലാണ് ആശുപത്രി. ദിവസവും രാവിലെ ഒൻപതുമുതൽ വൈകീട്ടുവരെയാകും ക്ലിനിക്ക് പ്രവർത്തിക്കുക. വന്ദനയുടെ പേരിൽ തുടങ്ങുന്ന രണ്ടാമത്തെ ആതുരാലയമാണിത്. കഴിഞ്ഞ ഒക്ടോബറിൽ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ വന്ദനയുടെ പേരിൽ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലിചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് 10-ന് പുലർച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന.
മുട്ടുചിറയിലെ ഡോ. വന്ദനാദാസിന്റെ വസതിക്കുസമീപം മറ്റൊരു ആശുപത്രി നിർമിക്കാനും രക്ഷാകർത്താക്കൾക്ക് പദ്ധതിയുണ്ട്. ഇതിനായി ട്രസ്റ്റ് രൂപവത്കരിക്കും. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ വന്ദനയുടെ ആഗ്രഹമായിരുന്നെന്ന് മാതാപിതാക്കളായ ടി. വസന്തകുമാരിയും കെ.ജി. മോഹൻദാസും പറഞ്ഞു.