ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ1 ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. 2025ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി ചിത്രം സ്ഥാനം ഉറപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി നായകനായ ചിത്രം കേരളത്തിൽ നിന്നും മികച്ച കലക്ഷനാണ് നേടുന്നത്. കേരള ബോക്സ് ഓഫിസിൽ 11 ദിവസം കൊണ്ട് ഏകദേശം 43 കോടി രൂപയാണ് നേടിയത്. ഇതോടെ കാന്താര ചാപ്റ്റർ1 മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിന്റെ (42.75 കോടി രൂപ) ലൈഫ് ടൈം കലക്ഷനെ മറികടന്നു. ചിത്രം ഈ ആഴ്ച തന്നെ കേരളത്തിൽ 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം കേരള ബോക്സ് ഓഫിസിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര' ആണ്. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച കലക്ഷൻ നേടിയ ചിത്രം കൂടിയാണിത്. കല്യാണി പ്രിയദർശൻ നായികയായ ചിത്രം 120.90 കോടി രൂപ നേടി. 118.90 കോടി രൂപ നേടിയ മോഹൻലാലിന്റെ 'തുടരും' എന്ന ചിത്രമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കലക്ഷൻ നേടിയ ചിത്രം. 86.25 കോടി രൂപ നേടിയ 'എമ്പുരാൻ' മൂന്നാം സ്ഥാനത്തെത്തി.
ഈ വർഷം കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങൾ
ലോക ചാപ്റ്റർ 1: ചന്ദ്ര - 120.90 കോടി രൂപ (പ്രദർശനം തുടരുന്നു)
തുടരും - 118.90 കോടി രൂപ
എമ്പുരാൻ - 86.25 കോടി രൂപ
കാന്താര: ചാപ്റ്റർ 1 - 43 കോടി രൂപ (11 ദിവസം)
ഒക്ടോബർ രണ്ടിനാണ് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ കാന്താര ചാപ്റ്റർ1 റിലീസ് ചെയ്തത്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്നാം ഭാഗത്തിന്റെ ടീസറോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. ഈ വർഷം 1000 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാകാൻ കാന്താരക്ക് സാധിക്കുമോ എന്നറിയാനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്.
30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ’ എന്നാണ് പ്രീക്വലിന് നൽകിയിരിക്കുന്ന പേര്. കെ.ജി.എഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച ഇന്ത്യയിലെ മുൻനിര പാൻ-ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റർ 1ന്റെയും നിർമാതാക്കൾ. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.