ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൻ ഭക്തജന തിരക്ക്

10:12 PM Jan 16, 2025 | Litty Peter

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഭക്തജന തിരക്ക്. ഏകാദശിക്ക് സമാനമായ തിരക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അനുഭവപ്പെടുന്നത്. ശബരിമല സീസണ്‍ അവസാന ദിവസങ്ങളിലെത്തിയതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും എത്തുന്നുണ്ട്. മുപ്പട്ട് വ്യാഴാഴ്ചയായതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി.

ദര്‍ശനത്തിനുള്ള വരി തെക്കേനടപന്തല്‍ നിറഞ്ഞ് പടിഞ്ഞാറെ നടപന്തലിലേക്ക് പ്രവേശിച്ചു. അഷ്ടബന്ധം ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ക്ഷേത്രനട നേരത്തെ അടച്ചതോടെ പടിഞ്ഞാറെ നടയില്‍ പ്രസാദ കൗണ്ടറിന് മുന്നില്‍ ദര്‍ശനത്തിനുള്ള വരി നിര്‍ത്തിവച്ചു. എന്നാല്‍ ദര്‍ശനം നടത്തനാവും എന്ന പ്രതീക്ഷയില്‍ ഭക്തര്‍ വരിയില്‍ നില്‍പ്പുറപ്പിച്ചു.

പുലര്‍ച്ചെ വരിനിന്ന ഭക്തര്‍ മണിക്കുറുകള്‍ കഴിഞ്ഞാണ് ദര്‍ശനം നടത്താനായത്. തിരക്ക് കാരണം ശയനപ്രദക്ഷിണം, ക്ഷേത്ര പ്രദക്ഷിണം എന്നിവ നിര്‍ത്തിവച്ചു. ഭക്തരെ കൊടിമരത്തിന് മുന്നിലൂടെ നേരിട്ടാണ് ദര്‍ശനത്തിന് പ്രവേശിപ്പിച്ചത്.